കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടക്കാനിരിക്കെ ചില പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. ചില പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊട്ടിക്കലാശം പൂർണമായി ഒഴിവാക്കാനും പൊലീസ് നിർദ്ദേശം നൽകി. സംഘർഷ സാധ്യത കണക്കിലെടുത്താണ് കൊട്ടിക്കലാശം ഒഴിവാക്കാനും നിയന്ത്രണം ഏർപ്പെടുത്താനും പൊലീസ് നിർദ്ദേശിച്ചത്. പൊലീസും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കൊട്ടിക്കലാശം പൂർണമായും ഒഴിവാക്കി. ഒരു കേന്ദ്രത്തിൽ പ്രത്യേക സമയത്ത് ഒരു മുന്നണിയുടെ പ്രചാരണ വാഹനം മാത്രം എത്തുന്ന രീതിയിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാതെ വാഹനങ്ങളിൽ കൊടിതോരണങ്ങളുമായി പ്രചാരണം നടത്തുന്നവർക്കെതിരേ നടപടിയെടുക്കാനും തീരുമാനിച്ചതായി പൊലീസ് അറിയിച്ചു.നാദാപുരം, വളയം പൊലീസ് സ്‌റ്റേഷൻ പരിധിയിലും കൊട്ടിക്കലാശത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. നാദാപുരം, കല്ലാച്ചി, ചേലക്കാട്, അരൂർ, തണ്ണീർപ്പന്തൽ, പുറമേരി, തൂണേരി, ഇരിങ്ങണ്ണൂർ എന്നീ ടൗണുകൾ കേന്ദ്രീകരിച്ചും വളയം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വളയം, ചെക്യാട്, വാണിമേൽ, പഞ്ചായത്തുകളിലും പ്രകടനവും വാഹന റാലികളും നടത്താൻ നിയന്ത്രണമുണ്ട്. നാദാപുരം, വളയം പൊലീസ് സ്‌റ്റേഷനുകളിലായി നടന്ന സർവകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!