കണ്ണൂർ: ട്രെയിന്റെ എ.സി കോച്ചിൽ നിന്നും പുതപ്പും തലയണ ഉറയും മോഷ്ടിച്ചയാളെ ജീവനക്കാർ കയ്യോടെ പിടികൂടി. തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസിൽ കണ്ണൂരിൽ ഇറങ്ങിയ യാത്രക്കാരനാണ് പുതപ്പും തലയണ ഉറയും അടിച്ചുമാറ്റാൻ ശ്രമിച്ചത്. ഇയാളുടെ ബാഗിൽ നിന്നും നാല് പുതപ്പും രണ്ട് തലയണയുറയും ബെഡ്‌റോൾ ജീവനക്കാർ കണ്ടെടുത്തു. മലബാർ എക്സ്പ്രസ് ഉൾപ്പെടെ മംഗളൂരു ഡിപ്പോയിൽനിന്നുള്ള അഞ്ച് തീവണ്ടികളിൽ മാത്രം ഒരുമാസം ശരാശരി 60 പുതപ്പുകളും 30-ലധികം തലയണയുമാണ് നഷ്ടമാകുന്നത്.ട്രെയിനുകളിലെ എ.സി കോച്ചിൽനിന്ന് പുതപ്പ് മുതൽ തലയണ വരെ മോഷ്ടിക്കപ്പെടാറുണ്ട്. ആളുകളെ കിട്ടാറില്ല. കാരണം തേർഡ് എ.സി, സെക്കൻഡ് എ.സിയിലെ യാത്രക്കാരുടെ ‘ടിപ്പ് ടോപ്പ്’ വേഷം തന്നെ. ഇത്തരം ‘ജന്റിൽമാൻ’ മോഷണം നടക്കുമ്പോൾ ബെഡ്‌റോൾ കരാർ ജീവനക്കാരുടെ കൈയിൽനിന്നാണ് ഏജൻസി നഷ്ടപ്പെട്ട തുക പിടിക്കുന്നത്. മോഷണം കൂടിയതിനാൽ പല വണ്ടികളിലും ഇപ്പോൾ ത്രീ ടയർ എ.സി. കോച്ചിൽ ടവ്വൽ നൽകാറില്ല.