തിരുവനന്തപുരം: എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ് ഉടന്‍ തുടങ്ങുമെന്ന് മന്ത്രി വീണ ജോർജ്. ആര്‍ദ്രം മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളില്‍ ഒരു ദന്തല്‍ സര്‍ജന്‍, ഒരു ദന്തല്‍ ഹൈജീനിസ്റ്റ്, ഒരു ദന്തല്‍ മെക്കാനിക്ക് എന്നീ തസ്തികകളോട് കൂടിയ ദന്തല്‍ യൂണിറ്റ് സജ്ജമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ദന്തല്‍ യൂണിറ്റ് നിലവിലില്ലാത്ത 5 താലൂക്ക് ആശുപത്രികളിലാണ് പുതുതായി ദന്തല്‍ യൂണിറ്റ് തുടങ്ങുന്നതിനുള്ള ഭരണാനുമതി നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.കാസര്‍ഗോഡ് ബേഡഡുക്ക താലൂക്ക് ആശുപത്രി, മംഗള്‍പ്പാടി താലൂക്ക് ആശുപത്രി, മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രി, ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രി, കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ദന്തല്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നത്.ദന്തല്‍ മേഖലയുടെ പുരോഗതിയ്ക്കായി ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ ദന്തല്‍ ചികിത്സ ലഭ്യമാണ്. ദേശീയ റാങ്കിംഗില്‍ ആദ്യമായി തിരുവനന്തപുരം ദന്തല്‍ കോളേജ് ഇടംപിടിച്ചു. ദന്താരോഗ്യം ഉറപ്പ് വരുത്താനായി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ദേശീയ ശ്രദ്ധയാകര്‍ഷിച്ച മന്ദഹാസം, പുഞ്ചിരി, വെളിച്ചം, ദീപ്തം എന്നീ പദ്ധതികളും നടപ്പിലാക്കി വരുന്നു.