തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകളുടെയും ആർ.സി.ബുക്കിൻെറയും പ്രിൻറിംഗ് നിലച്ചു. ഒമ്പത് കോടി രൂപയോളം കരാർ കമ്പനിക്ക് കടമായതോടെയാണ് പ്രിൻറിംഗ് നിർത്തിയത്. ടെസ്റ്റ് പാസായെങ്കിലും ഏറെ പേരാണ് ലൈസൻസ് കിട്ടാതെ കാത്തിരിക്കുന്നത്.തിരുവനന്തപുരം സ്വദേശിയായ ഷാരോൺ എന്ന യുവാവിനെ പോലെ ലൈസൻസ് കിട്ടിയിട്ട് ജീവിതം മുന്നോട്ടുപോകേണ്ട നിരവധിപ്പേരുണ്ട്. വായ്പയെടുത്താണ് ഷാരോൺ ബൈക്ക് വാങ്ങിയത്. സ്വകാര്യ സ്ഥാപനത്തിലെ ജോലിയായിരുന്നു ലക്ഷ്യം. ഈ വണ്ടി റോഡിലിറങ്ങി ഓടി തുടങ്ങിയാലേ വണ്ടിയുടെ വായ്പയും വീട്ടുവാടകയുമൊക്കെ തിരിച്ചടക്കാൻ പറ്റൂ. കഷ്ടപ്പെട്ടാണ് ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായത്. മൂന്നു മാസം മുമ്പ് ലൈസൻസിനായി പണം അടച്ചെങ്കിലും ഇതുവരെ ലൈസൻസ് കയ്യിലെത്തിയില്ല.ഒരു പൊതുമേഖല സ്ഥാപനത്തിനാണ് ലൈസൻസ് അച്ചടിക്കാൻ സർക്കാർ കരാർ നൽകിയത്. കൊച്ചിയിൽ ലൈസൻസും ആർസി ബുക്കൊക്കെ അച്ചടിക്കുന്ന കരാറുകാരന് ഒൻപത് കോടിയാണ് നിലവിലെ കുടിശ്ശിക. സർക്കാർ പണം നൽകാത്തിനാൽ ഒക്ടോബർ മുതൽ അച്ചടി നിർത്തി. ഇതിനിടെ പോസ്റ്റൽ വകുപ്പിനും കടമായി. ഏഴു കോടി. അച്ചടിച്ചിറക്കിയ ലൈസൻസുകള്‍ അയക്കാൻ പോസ്റ്റൽ വകുപ്പും തയ്യാറായില്ല. 7 കോടി പോസ്റ്റൽ വകുപ്പിന് അടുത്തിടെ നൽകി.പക്ഷെ കരാറുകാരന് പണം ധനവകുപ്പ് ഇതുവരെ നൽകിയിട്ടില്ല. നിലവിലെ ലൈസൻസിന് പകരം പുതിയ സ്മാർട്ട് കാർഡിലേക്ക് മാറാൻ 200 രൂപ അടയ്ക്കണം, പുതിയ ലൈസൻസിനാണെങ്കിൽ 1005 രൂപ. തപാലിലെത്താൻ 45 രൂപ വേറെയും നൽകണം. ഫലത്തിൽ ഡ്രൈവിംഗ് പഠിച്ചെടുത്ത് എച്ചും എട്ടും വരച്ച് പരീക്ഷ പാസായി പണമടച്ച് കാത്തിരിക്കുന്നവരാണ് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഇപ്പോൾ ക്ഷ വരയ്ക്കുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!