തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗികളുടെ എന്നതിൽ വർദ്ധനവ് രേഖപ്പെടുത്തിയതോടെ ജില്ലകൾക്ക് പൊതുനിർദേശവുമായി ആരോഗ്യവകുപ്പ്. തിരുവനന്തപുരത്ത് മാത്രം 64 ആക്ടീവ് കേസുകളാണുള്ളത്. ഒരു കോവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് ഉയർന്നത്. ഈ പശ്ചാത്തലത്തിൽ കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരിൽ പരിശോധന ഉറപ്പാക്കണമെന്ന് നിദേശിച്ചു.അതേ സമയം ചൈനയിൽ അജ്ഞാത വൈറസ് വ്യാപിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചൈനയിലെ വൈറസ് വ്യാപനത്തില്‍ ഇന്ത്യയില്‍ നിലവില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആശുപത്രി കിടക്കകളും വെന്‍റിലേറ്ററുകളും സജ്ജമാക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. പിപിഇ കിറ്റുകളും പരിശോധന കിറ്റുകളും ശേഖരിച്ച് വെയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയിലെ ശ്വാസകോശ രോഗം വ്യാപകമായി പടരുന്നതാണെന്ന തെളിവൊന്നുമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.ചൈനയിലെ പുതിയ വൈറസ് വ്യാപനത്തില്‍ നേരത്തെ കേന്ദ്രം നിരീക്ഷണം ശക്തമാക്കിയിരുന്നു. രാജ്യത്തെ ആശുപത്രിയിലെ സ്ഥിതി വിലയിരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇക്കാര്യമടക്കം ചൂണ്ടികാട്ടി കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം കത്തിൽ നേരത്തെ വ്യക്തമാക്കിയത്.ചൈനയിൽ അജ്ഞാത വൈറസ് വ്യാപിക്കുന്നതിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആശുപത്രിയിലെ സ്ഥിതി കൃത്യമായി നിരീക്ഷിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഈ വർഷം പുതുക്കി ഇറക്കിയ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും പ്രധാനമായി ശ്വാസകോശ സംബന്ധമായ കേസുകൾ നിരീക്ഷിക്കണമെന്നും ചൂണ്ടികാട്ടിയിട്ടുണ്ട്. ശ്വസന സംബന്ധമായ അസുഖങ്ങളുടെ വ്യാപനം കൃത്യമായി റിപ്പോർട്ട് ചെയ്യണം. ആശുപത്രികളിലെ സൗകര്യങ്ങൾ വിലയിരുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!