തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ 639 ഇംഗ്ലീഷ് അധ്യാപകതസ്തിക സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതോടെ, മൂന്ന്, നാല് ഡിവിഷനുകളുള്ള ഹൈസ്കൂളുകളിൽ താത്കാലിക തസ്തിക സൃഷ്ടിച്ച് ദിവസവേതന/ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ പുതിയ തീരുമാനം കൈക്കൊണ്ടത്.രണ്ടുവർഷം മുമ്പാണ് ഹൈസ്കൂളുകളിൽ കൂടുതൽ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കാൻ എച്ച്.എസ്.എ. (ഇംഗ്ലീഷ്) അധികതസ്തികകൾ സൃഷ്ടിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മറ്റുവിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർതന്നെ ഇംഗ്ലീഷും പഠിപ്പിക്കുന്നതുകാരണം വിദ്യാർഥികൾക്ക് നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂർ, പത്തനംതിട്ട സ്വദേശികൾ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സോഷ്യൽ സ്റ്റഡീസ് അടക്കം മറ്റ് വിഷയങ്ങളിലെ അധ്യാപകരെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ നിയോഗിക്കുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.കേരള വിദ്യാഭ്യസ ചട്ടഭേദഗതി അനുസരിച്ച് ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കേണ്ടത് ആ വിഷയം ഐച്ഛികമായി പഠിച്ചവർതന്നെയാകണം. പത്താംക്ലാസ് ഇംഗ്ലീഷ് പരീക്ഷയിൽ വിദ്യാർഥികളുടെ നിലവാരക്കുറവാണ് ചട്ടഭേദഗതിക്ക്‌ കാരണമായി പറഞ്ഞിരുന്നത്. 2002-03 അധ്യയനവർഷം മുതൽ ഘട്ടംഘട്ടമായി എച്ച്.എസ്.എ. ഇംഗ്ലീഷ് തസ്തിക അനുവദിക്കുമെന്ന് ചൂണ്ടിക്കാട്ടി 2002-ൽ സർക്കാർ ഉത്തരവും ഇറക്കിയിരുന്നു. എന്നാൽ, സർക്കാർതന്നെ ഇതിൽനിന്നെല്ലാം പിന്നാക്കംപോയതാണ് കോടതിയിൽ ചോദ്യംചെയ്യപ്പെട്ടത്.ഹൈസ്കൂളിൽ അഞ്ച് ഡിവിഷനിൽ താഴെയാണെങ്കിൽ ഇംഗ്ലീഷിന് പ്രത്യേകം അധ്യാപകർ വേണ്ടെന്നായിരുന്നു സർക്കാർ സ്വീകരിച്ച നിലപാട്. ഇത് കോടതി തള്ളിക്കളയുകയായിരുന്നു. കോടതിവിധി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായാണ് 639 തസ്തിക സൃഷ്ടിക്കാനുള്ള തീരുമാനം. പെൻഷൻമൂലം ഭാവിയിലുണ്ടാകുന്ന ഒഴിവുകളിലായിരിക്കും ഇംഗ്ലീഷ് അധ്യാപകരുടെ സ്ഥിരംതസ്തിക സൃഷ്ടിക്കപ്പെടുക.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!