കുണ്ടറ: ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെന്ന് ആരോപണം നേരിട്ടയാൾ സ്വയം സ്റ്റേഷനിലെത്തി തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തി. കുഴിയം സ്വദേശി ഷാജഹാനാണ് ഇന്നലെ രാത്രി കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തി സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് താൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ബന്ധുവിനോടൊപ്പമുണ്ടായിരുന്നു എന്നും ഷാജഹാൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് ഇക്കാര്യം ഉറപ്പാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.ബന്ധുക്കളോടൊപ്പമാണ് ചൊവ്വാഴ്ച രാത്രി എട്ടോടെ കുണ്ടറ സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധമില്ലെന്നും വ്യാജപ്രചാരണം നടത്തുന്നവർക്കെതിരേ നടപടിയെടുക്കണമെന്നും ഷാജഹാൻ പോലീസിനോട് ആവശ്യപ്പെട്ടു. രേഖാചിത്രത്തിന് ഷാജഹാന്റെ മുഖവുമായി തോന്നിയ സാദൃശ്യത്തെ തുടർന്നാണ് പോലീസ് ഷാജഹാനെ ചുറ്റിപ്പറ്റി പ്രാഥമിക അന്വേഷണം നടത്തിയത്.ഷാജഹാൻ തന്റെ ബന്ധുവിനോടൊപ്പം കാഞ്ഞിരകോടാണ് താമസം. ബന്ധുവിന്റെ കൈക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ചികിത്സയ്ക്കായി തിങ്കളാഴ്ച വൈകീട്ട് 3.30-ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ബന്ധുവിനോടൊപ്പമുണ്ടായിരുന്നു. രാത്രി 7.30-ന് തിരിച്ച് വീട്ടിലെത്തിയതായും ഷാജഹാൻ പോലീസിനെ അറിയിച്ചു. കാഞ്ഞിരകോട്ടെ വീടിനുസമീപത്തെ സുരക്ഷാക്യാമറകൾ പോലീസ് പരിശോധിച്ചു. ഷാജഹാൻ പറഞ്ഞതുമായി പൊരുത്തപ്പെടുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.ഒരുവർഷംമുമ്പുവരെ ഷാജഹാൻ കേസുകളിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ഒരുവർഷമായി കേസുകളിൽ ഉൾപ്പെട്ടിട്ടില്ല. മീൻകച്ചവടം നടത്തിയാണ് ജീവിക്കുന്നതെന്നും ഷാജഹാൻ പോലീസിനെ അറിയിച്ചു. തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ട് ഷാജഹാനെ അന്വേഷണത്തിനായി വിളിപ്പിച്ചിട്ടില്ലെന്ന് കുണ്ടറ പോലീസ് പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!