തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജീവനുള്ള ഒരു കോൺഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ലെന്ന് സുധാകരൻ പറഞ്ഞു. സുരേന്ദ്രൻ ആളും തരവും നോക്കി കളിക്കണമെന്നും സുധാകരൻ പറഞ്ഞു.ജീവനുള്ള ഒരു കോൺഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ല. മരിച്ചു കഴിഞ്ഞാലും അയാളുടെ ഓർമ്മകൾ ബിജെപിക്കെതിരെ ശബ്ദിച്ചു കൊണ്ടിരിക്കും. കോൺഗ്രസിനൊപ്പമാണെങ്കിലും തന്റെ മനസ് ബിജെപിയോടൊപ്പമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു കെ സുധാകരൻ.തന്റെ മനസ്സ് ബിജെപിക്കൊപ്പം എന്ന സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവർ ഇപ്പോഴും ചിരി നിർത്തിക്കാണില്ലെന്നുംഎകെജി സെന്ററിൽ നിന്ന് തന്നെയാണ് സുരേന്ദ്രനും പ്രസ്താവനകൾ എഴുതി നൽകുന്നത് എന്നതിനുള്ള തെളിവാണ് ഇതെന്നും അദ്ദേഹം വാർത്താ കുറിപ്പിൽ പറഞ്ഞു.കോൺഗ്രസിലെ നേതാക്കളുടെ മനസിലെ അരക്ഷിതബോധമാണ് സുധാകരന്റെ പ്രസ്താവനയിലൂടെ പുറത്തുവരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിൽ സുധാകരന് എത്രകാലം പിടിച്ചുനിൽക്കാൻ കഴിയുമെന്നും സുരേന്ദ്രൻ ചോദിച്ചു. കെ സുധാകരനെ പോലെ നിരവധി ആളുകൾക്ക് ഈ അഭിപ്രായമുണ്ട്. അവർ ഇക്കാര്യം തുറന്ന് പറയുന്നില്ലേന്നെയുള്ളൂ. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞടുപ്പ് കഴിയുമ്പോൾ കേരളത്തിലെ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളുടെ മനസ് സുധാകരന്റെ മനസ് പോലെയാകുമെന്നും സുരേന്ദ്രൻ ചൊവ്വാഴ്ച കോഴിക്കോട്ട് പറഞ്ഞു. ഇതിന് മറുപടി പറയുകയായിരുന്നു കെ സുധാകരൻ.‘കൊടകര കുഴൽപ്പണക്കേസ് ഒതുക്കിത്തീർത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകളെന്ന് സമകാലിക കേരള രാഷ്ട്രീയം പഠിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും. എന്റെ മനസ്സ് കേരള ജനതയ്‌ക്കൊപ്പമാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിൽ സുരേന്ദ്രന്റെയും പിണറായിയുടെയും സീറ്റുകൾ വലിയ തോതിൽ നഷ്ടപ്പെട്ടു. തൃക്കാക്കരയിൽ അതിദയനീയമായി രണ്ടുപേരും തോറ്റു. ജോഡോ യാത്രയിൽ വൻ ജനാവലി രാഹുൽ ഗാന്ധിയ്‌ക്കൊപ്പം ഹൃദയം ചേർന്നു നടന്നു. ഇതിനെയെല്ലാം സിപിഎമ്മും ബിജെപിയും ഒരു പോലെ ഭയന്നു. ബിജെപിയുടെ സംഹാരാത്മക രാഷ്ട്രീയത്തിനെതിരെ ഇന്ത്യൻ മനസ്സാക്ഷിയുണർത്താനുള്ള രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തോൽപ്പിക്കാൻ പിണറായി സുരേന്ദ്ര കക്ഷികളുടെ നെട്ടോട്ടം കേരളം കണ്ടതാണ്. ഇതിൽനിന്നെല്ലാം മുഖം രക്ഷിക്കാൻ എന്റെ പ്രസംഗങ്ങളിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്തു രണ്ടുകൂട്ടരും ഒരുമിച്ചു നടത്തുന്ന പന്ത് തട്ടിക്കളിയാണ് കേരളം കാണുന്നത്. കോൺഗ്രസുകാരെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്ന സുരേന്ദ്രന്റെ വിടുവായിത്തം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു’- സുധാകരൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.‘ഇ.ഡിയോട് പോയി പണി നോക്കാൻ പറഞ്ഞ സോണിയയുടെയും രാഹുലിന്റെയും അനുയായികളാണ് ഞങ്ങൾ, അവരെ കണ്ടാൽ മുട്ട് വിറക്കുന്നവരല്ല. ബിജെപിയെ സുഖിപ്പിക്കാൻ അമിത് ഷായെ ജവഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള വള്ളംകളിയ്ക്ക് ഞങ്ങൾ ക്ഷണിച്ചിട്ടില്ല. കണ്ണൂർ വിമാനത്താവളത്തിൽ പ്രഥമാതിഥിയായി ഇറക്കിയിട്ടില്ല. ഭരണമികവ് പഠിക്കാൻ ന്യൂനപക്ഷ വേട്ടയുടെ നാട്ടിലേക്ക് സർക്കാർ പ്രതിനിധികളെ അയച്ചിട്ടില്ല. ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ നരേന്ദ്രമോദിയ്ക്കുമുന്നിൽ ശിരസ്സ് കുനിച്ചിട്ടില്ല. ഇതെല്ലാം ചെയ്ത പിണറായിയും സഖാക്കളുമാണ് സംഘി മനസ്സുള്ളവർ എന്ന് കേരളത്തിൽ ആർക്കാണറിയാത്തത്’ -സുധാകരൻ ആരാഞ്ഞു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!