കായംകുളം: കെഎസ്ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടറോട് നഗ്‌നത പ്രദര്‍ശിപ്പിച്ച് അപമര്യാദയായി പെരുമാറിയ ആൾ പിടിയില്‍. കായംകുളത്തു നിന്നും താമരക്കുളത്തിന് പോയ ബസിൽ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കണ്ണമംഗലം വില്ലേജില്‍ മറ്റം വടക്ക് മുറിയില്‍ മറ്റം മഹാദേവ ക്ഷേത്രത്തിന് സമീപം തോട്ടു കണ്ടത്തില്‍ വീട്ടില്‍ ആല്‍ബര്‍ട്ട് പൗലോസ് (34) ആണ് പൊലീസിന്റെ പിടിയിലായത് .വനിതാ കണ്ടക്ടറോട് നഗ്‌നത പ്രദര്‍ശിപ്പിച്ച് അപമര്യാദയായി പെരുമാറിയപ്പോള്‍ കണ്ടക്ടര്‍ ബഹളം വെക്കുകയും യാത്രക്കാര്‍ കാര്യം തിരക്കിയപ്പോള്‍ ആല്‍ബര്‍ട്ട് ബസില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി ചെങ്ങന്നൂര്‍, മാവേലിക്കര ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.മാവേലിക്കരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വന്ന് പരാതിക്കാരിയേയും സാക്ഷികളേയും കാണിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയായ ആല്‍ബര്‍ട്ട് പൗലോസ് മുമ്പും ഇത്തരത്തില്‍ സ്തീകളോട് അപമര്യാദയായി പെരുമാറിയതിന് പൊലീസ് പിടികൂടിയിട്ടുണ്ട്.കായംകുളം ഡി.വൈ.എസ്.പി. അലക്‌സ് ബേബിയുടെ മേല്‍നോട്ടത്തില്‍ സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ ശ്രീകുമാര്‍, മുരളീധരന്‍ നായര്‍, പോലീസുകാരായ ദീപക്, വിഷ്ണു, ശരത്, ഷാജഹാന്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പാലക്കാട് കെഎസ്ആര്‍ടിസി വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയയാൾ അറസ്റ്റിലായിരുന്നു. യാക്കര സ്വദേശി കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്. കേന്ദ്ര സർക്കാരിന്‍റെ കാസർഗോഡ് അഗ്രികൾച്ചർ റിസർച്ച് സെന്‍ററിലെ അറ്റൻഡറാണ് ഇയാള്‍. പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ ബസിൽ വെച്ചാണ് ഇയാള്‍ കെഎസ്ആര്‍ടിസി വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയത്.