ജനീവ: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ജീവനക്കാർക്ക് ആദരം. ലോകത്തെങ്ങുമുള്ള യു.എൻ ഓഫിസുകളിൽ ആദരാഞ്ജലിയർപ്പിച്ച് പതാക താഴ്ത്തിക്കെട്ടുകയും ജീവനക്കാർ ഒരു മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു. വെള്ളിയാഴ്ച മുതൽ തുടർച്ചയായ രണ്ടാം ദിവസവും ഗസ്സയിലെ മരണസംഖ്യയെകുറിച്ചച് വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്ന് ഫലസ്തീനിലെ യു.എൻ ദുരിതാശ്വാസ ഏജൻസി അറിയിച്ചു.ഇന്നു രാവിലെ 9.30ന് ആണ് ബാങ്കോക്, ടോക്യോ, ബെയ്ജിങ് തുടങ്ങിയ ഓഫിസുകളിലാണ് ആദ്യമായി നീലധവള നിറത്തിലുള്ള പതാക താഴ്ത്തിക്കെട്ടിയത്. തുടർന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതു പിന്തുടർന്നുള്ള മൗനമാചരണവും ദുഃഖാചരണവും നടന്നു. ജനീവയിലെ യു.എൻ ആസ്ഥാനത്തും പ്രത്യേക പരിപാടികൾ നടന്നു. കാബൂളിൽ യു.എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി പരിപാടികൾക്കു നേതൃത്വം നൽകി.കഴിഞ്ഞ ശനിയാഴ്ച ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലെ യു.എൻ ഓഫിസും തകർന്നിരുന്നു. ഗസ്സ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന യു.എൻ ഡെവലപ്മെന്റ് പ്രോഗ്രാം(യു.എൻ.ഡി.പി) കാര്യാലയത്തിനാണ് ഇസ്രായേൽ ബോംബോബിട്ടത്. സംഭവത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായും യു.എൻ.ഡി.പി തന്നെ വാർത്താകുറിപ്പിൽ സ്ഥിരീകരിച്ചിട്ടുണ്ട്.ഇസ്രായേൽ ആക്രമണം കടുത്തതോടെ ഒക്ടോബർ 13നുശേഷം കേന്ദ്രത്തിലുണ്ടായിരുന്ന ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. കേന്ദ്രത്തിനുനേരെ ഷെല്ലാക്രമണം നടന്നതായുള്ള റിപ്പോർട്ട് ആശങ്കപ്പെടുത്തുന്നതാണെന്നാണ് യു.എൻ.ഡി.പി വാർത്താ കുറിപ്പിൽ പ്രതികരിച്ചത്. നവംബർ ആറിനുശേഷം നിരവധി സിവിലിയന്മാർ യു.എൻ.ഡി.പി കോംപൗണ്ടിൽ അഭയം തേടിയിരുന്നു. ഇതിനുശേഷവും നിരവധി പേർ ഇവിടെ അഭയാർത്ഥികളായി എത്തിയിട്ടുണ്ട്. ഇവരാണ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.