ജറുസലേം: ഹമാസ് പിടികൂടിയ ബന്ദികളെ തിരിച്ചെത്തിക്കാൻ കഴിയാത്ത പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ രാജി ആവശ്യപ്പെട്ട് കൂറ്റൻ പ്രതിഷേധം. അദ്ദേഹത്തിന്റെ ജറുസലേം അസ്സ സ്ട്രീറ്റിലെ വസതിക്കു മുമ്പിൽ ശനിയാഴ്ച രാത്രിയാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത പ്രതിഷേധക്കാർ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. ജറൂസലേമിൽ മാത്രമല്ല, തെൽ അവീവ്, ഹൈഫ, ബീർഷെബ, ഐലാത് എന്നീ നഗരങ്ങളും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാണ്. ബന്ദികളെ തിരിച്ചെത്തിക്കാൻ ഹമാസുമായി വെടിനിർത്തൽ വേണമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നുണ്ട്.ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1400ലേറെ ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. 240ലേറെ പേരെ ബന്ദികളാക്കി. ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ ഇതുവരെ ഒമ്പതിനായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഹമാസിനെ ഇല്ലാതാക്കുന്നതു വരെ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേൽ ആക്രമണം നടക്കുന്നത്. എന്നാൽ എത്ര ഹമാസ് പോരാളികളെ വകവരുത്താനായി എന്ന കണക്കുകൾ ലഭ്യമല്ല. മരിച്ചവരിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമുൾപ്പെടെ സാധാരണക്കാരാണ്.ഹമാസ് ആക്രമണം നേരിടുന്നതിൽ നെതന്യാഹു പരാജയപ്പെട്ടു എന്നു കരുതുന്നവരാണ് ഇസ്രായേലികൾ. ചാനൽ 13 ടെലിവിഷൻ നടത്തിയ അഭിപ്രായ സർവേയിൽ പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് 76 ശതമാനം ആളുകളും അഭിപ്രായപ്പെട്ടിരുന്നു. യുദ്ധത്തിന് ശേഷം വേഗത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് 67 ശതമാനം പേരും നിലപാടെടുത്തു. ഹമാസിന്റെ ആക്രമണം നെതന്യാഹുവിന്റെ നേരിട്ടുള്ള പരാജയമാണ് എന്നാണ് 44 ശതമാനം ആളുകളും വിലയിരുത്തിയത്.അതിനിടെ, ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന അന്താരാഷ്ട്ര ആവശ്യം നെതന്യാഹു തള്ളി. ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നതു വരെ ഇസ്രായേലിന് എല്ലാ പിന്തുണയും നൽകുമെന്ന് കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!