തൃശൂര്‍: റീ കൗണ്ടിംഗിലൂടെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി വിജയിച്ച സംഭവത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി കെഎസ്‍യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ കെഎസ്‍യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. എന്നാൽ റീ കൗണ്ടിംങ്ങിൽ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി 11 വോട്ടുകള്‍ക്ക് വിജയിച്ചതായി പ്രഖ്യാപനം വന്നു. തെരഞ്ഞെടുപ്പ് ഇടത് അധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ അട്ടിമറിക്കുകയായിരുന്നെന്നും മന്ത്രി ആര്‍ ബിന്ദുവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ ഇടപെട്ടെന്നും കെഎസ്‍യു കുറ്റപ്പെടുത്തി.നാല് പതിറ്റാണ്ടായി എസ്എഫ്ഐ കോട്ടയായിരുന്ന കേരള വർമ്മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എസ്എഫ്ഐ വിജയം വോട്ടെണ്ണല്‍ അട്ടിമറിച്ചെന്നാണ് കെഎസ്‍യു ഉയര്‍ത്തുന്ന ആരോപണം. ഇന്നലെ വൈകിട്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കെഎസ്‍യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരോട്ടിന് വിജയിച്ചു. എസ്എഫ്ഐ ആവശ്യപ്പെട്ട റീ കൗണ്ടിന്‍റെ ഫലം അര്‍ദ്ധരാത്രിയോടെ വന്നപ്പോള്‍ 11 വോട്ടിന് വിജയം എസ്എഫ്ഐ സ്ഥാനാര്‍ത്ഥിക്കായിരുന്നു. റീ കൗണ്ടിങ്ങിനിടെ രണ്ട് തവണ കറന്റ് പോയത് ഫലം അട്ടിമറിക്കാനായിരുന്നെന്നാണ് കെഎസ്‍യുവിന്റെ ഒന്നാമത്തെ ആരോപണം. പകൽ വെളിച്ചത്തിൽ റീ കൗണ്ടിങ് വേണമെന്ന കെഎസ്‍യു ചെയർമാൻ സ്ഥാനാർത്ഥിയുടെ ആവശ്യം തള്ളി രാത്രി തന്നെ റീ കൗണ്ടിങ് നടത്തിയത് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. സുദർശനന്‍റെ നിർദേശപ്രകാരമെന്നത് രണ്ടാമത്തെ ആരോപണം. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കോളജിലെ മുൻ അധ്യാപിക കൂടിയായ മന്ത്രി ആർ. ബിന്ദുവിന്റെ നിർദ്ദേശപ്രകാരം അട്ടിമറി നടന്നെന്ന് മൂന്നാമത്തെ ആരോപണം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!