സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂർത്തിയാക്കാനാകാതെയാണ് മലയാളികളെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധി യാത്രയായത്. ഉരുളയ്ക്ക് ഉപ്പേരി പോലെ തഗ് മറുപടികൾ നൽകാൻ കഴിവുള്ള ഹാസ്യപ്രതിഭയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് മലയാളികളും. സ്റ്റേജ് ഷോകളിലും ടെലിവിഷൻ കോമഡി ഷോകളിലും സിനിമയിലുമെല്ലാം പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ച താരമാണ് അകാലത്തിൽ പൊലിഞ്ഞത്.മിമിക്രിയിലൂടെ ആയിരുന്നു സുധിയുടെ തുടക്കം. ടെലിവിഷൻ കോമഡി ഷോകളിലൂടെ കുടുംബപ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞു. 2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് കൊല്ലം സുധി സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിലെ സുധിയുടെ ഡയലോഗ് ഇന്നും സൈബർ ലോകത്ത് വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ‘ഞാൻ പോവാണ്..വെറുതെ എന്തിനാ ഒരുപാട് എക്സ്പ്രഷൻ ഇട്ട് ചാവണത്’, എന്ന് വിഷ്ണുവിനോട് സുധിയുടെ കഥാപാത്രം പറയുന്ന ആ ഡലോഗ് ചിത്രത്തിലെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു.ഇന്ന് പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ നടന്ന അപകടത്തിലാണ് സുധി മരിച്ചത്. അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല.നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.