കോഴിക്കോട്: പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. വടകര ഇരിങ്ങണ്ണൂർ സ്വദേശി സൗദയും നവജാതശിശുവും ആണ് മരിച്ചത്. ചികിത്സയിൽ അനാസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടി സൗദയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്.ഫെബ്രുവരി 13നാണ് പ്രസവത്തിനായി സൗദയെ വടകര സിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. അത്യാസന്ന നിലയിലായ കുഞ്ഞിനെ വടകരയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂന്നാമത്തെ ദിവസം മരിച്ചു. അബോധാവസ്ഥയിലായ സൗദയെ കോഴിക്കോട്ടെ രണ്ട് സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സിച്ചെങ്കിലും മെയ് 13ന് മരിച്ചു.അനസ്തേഷ്യ നൽകിയതിലെ പിഴവും ചികിത്സയിലെ അനാസ്ഥയുമാണ് മരണ കാരണമെന്ന് ബന്ധുക്കൾ പറയുന്നു. വടകര ഡിവൈഎസ്പി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഉപഭോക്തൃ കോടതിയിൽ കേസ് കൊടുക്കാനും എല്ലാ രാഷ്ട്രീയ പാർട്ടികളെയും ചേർത്ത് ആശുപത്രിക്ക് മുമ്പിൽ സമരം ആരംഭിക്കാനുമുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കള്‍.