കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൻ്റെ ബോഗി കത്തി നശിച്ചു. രാത്രി ഒന്നരയോടെ സംഭവമെന്നാണ് റിപ്പോർട്ട്. മൂന്നാം പ്ലാറ്റ് ഫോമിന് സമീപം എട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൻ്റെ ബോഗിയാണ് കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. അഗ്നിശമന സേന സ്ഥലത്ത് എത്തി തീയണച്ചെങ്കിലും ബോഗി പൂർണമായി കത്തി നശിച്ചിരുന്നു.രാത്രി പതിനൊന്നോടെ എത്തിയ ട്രെയിൻ നിർത്തിയിട്ടതാണ്. ഒരു ബോഗി പൂർണമായും കത്തിനശിച്ചു. പുറമേനിന്നു തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്.മൂന്ന് യൂണിറ്റ് അഗ്നിശമന സേനാ സംഘം ഏറെ നേരം പ്രയത്നിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല. തീ ഉയരുന്നത് റയിൽവേ ‘ ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താൻ തടസമായത് പ്രതിസന്ധിക്ക് ഇടയാക്കി. കോഴിക്കോട് എലത്തൂരിൽ തീവയ്പുണ്ടായ അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഇന്റർസിറ്റി എക്സ്പ്രസായി സർവീസ് നടത്തേണ്ടതാണ്.