കൊളത്തൂര്‍: കോഴിക്കോട് കൊളത്തൂരില്‍ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊളത്തൂര്‍ എരമംഗലം സ്വദേശി ബിനീഷ് (42) ആണ് മരിച്ചത്. കഴിഞ്ഞ മാസം 25-നാണ് ബിനീഷിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ക്ഷേത്രോത്സവത്തിനിടെ ബിനീഷും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. പിറ്റേദിവസം ക്ഷേത്രപരിസരത്ത് വീണുകിടക്കുന്ന നിലയിലാണ് ബിനീഷിനെ കണ്ടെത്തിയത്. അബോധാവസ്ഥയില്‍ ആയിരുന്നു ബിനീഷ്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ആള്‍ക്കൂട്ട മർദ്ദനമെന്ന ബന്ധുക്കളുടെ പരാതിയില്‍ കാക്കൂര്‍ പോലീസ് കേസ് എടുത്തിരുന്നു. ബിനീഷ് ആള്‍ക്കൂട്ട മർദ്ദനത്തിൽ മരിച്ചതാണെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് ബിനീഷിന്റെ കുടുംബം. ബിനീഷിന്റെ ദേഹത്തും തലയിലും പാടുകള്‍ ഉണ്ടായിരുന്നെന്നും കുടുംബം പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.