തിരുവല്ല: വിഷ പ്രാണിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ടാംക്ലാസ് വിദ്യാർത്ഥിനി മരിച്ചു.പെരിങ്ങര പതിമൂന്നാം വാർഡിൽ കോച്ചാരിമുക്കം പാണാറ വീട്ടിൽ അനീഷിന്റെയും ശാന്തി കൃഷ്ണന്റെയും മകൾ അംജിത അനീഷാണ്(13) മരിച്ചത്.തിരുവല്ല എം.ജി.എം. സ്കൂൾ വിദ്യാർത്ഥിനിയാണ് അംജിത. മാർച്ച് ഒന്നിന് വൈകീട്ട് 5.30-ന് വീടിനുസമീപത്തെ പുരയിടത്തിൽ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോഴാണ് ചെവിക്കുതാഴെ പ്രാണിയുടെ കുത്തേറ്റത്.ഈച്ചപോലുള്ള എന്തോ ജീവിയാണെന്നാണ് കുട്ടി പറഞ്ഞത്. അരമണിക്കൂറിനുള്ളിൽ ദേഹമാസകലം ചൊറിഞ്ഞുതടിച്ചു. തുടർന്ന് തിരുവല്ല താലൂക്കാശുപത്രിയിലെത്തിക്കുകയും. ഇവിടെ പ്രാഥമികചികിത്സ നൽകി വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ കുട്ടി കുഴഞ്ഞുവീണു. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ശ്വാസകോശത്തിലേക്ക് അണുബാധ പടർന്നതിനെത്തുടർന്ന് വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. സംസ്കാരം നടത്തി. ശക്തിയേറിയ വിഷമുള്ള പ്രാണിയാകാം കടിച്ചതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.