വിവാഹ തീയതിയും സമയവും തെറ്റാതെ ഓർത്ത് വെച്ച് വീടുകൾ കയറിയിറങ്ങി വിവാഹക്ഷണം; ആറു പതിറ്റാണ്ടിലേറെക്കാലം കല്യാണം വിളിച്ച ഇച്ചാമന ഇനി ഓർമകോഴിക്കോട്: വിവാഹക്ഷണക്കത്തോ ടെലെഫോണോ ഒന്നും ഇല്ലാതിരുന്ന കാലത്ത് വീടുകൾ തോറും കയറി ഇറങ്ങി വിവാഹം ക്ഷണിച്ചിരുന്ന ഇച്ചാമന ഓർമയായി. തെക്കേപ്പുറത്തുകാരുടെ ഇച്ചാമന ഇനി ഓർമ. ഇടിയങ്ങര റോഡ് – ചെമ്മങ്ങാട് റോഡ് ജംക്‌ഷനിലെ കൈതപറമ്പ് വസതിയിൽ ഇമ്പിച്ചാമിനബി എന്ന ഇച്ചാമന (92)യുടെ മരണത്തോടെ പഴയ രീതികളുടെ അവസാന കണ്ണികളിൽ ഒന്നാണ് ഇല്ലാതായത്.വിവാഹ തീയതിയും സമയവും തെറ്റാതെ മനസ്സിൽ സൂക്ഷിച്ചു വധു വരന്മാരുടെ ബന്ധുക്കൾക്ക് വേണ്ടി വിവാഹം ക്ഷണിക്കുന്നതായിരുന്നു ഇച്ചാമനയുടെ തൊഴിൽ.വിവാഹ ക്ഷണക്കത്ത് ഇല്ലാത്ത കാലത്തു കല്യാണം വിളിക്കാൻ വീട്ടുകാർ പ്രത്യേകം ആളുകളെ നിയോഗിച്ചിരുന്നു. അത്തരത്തിൽ ആറു പതിറ്റാണ്ടിലേറെ വീടുകൾ തോറും കയറി ഇറങ്ങി കല്യാണം വിളി നടത്തിയ ആളാണ് ഇമ്പിച്ചാമിനബി. ഇന്നേടത്ത് ഇന്നയാളുടെ കല്യാണം ഇന്ന ദിവസം ഇന്ന സ്ഥലത്തു നടക്കും എല്ലാവരും എത്തണം എന്ന് ഉറക്കെ പറഞ്ഞായിരുന്നു ഇച്ചാമന ഓരോ വീടുകളും കയറി ഇറങ്ങിയത്. അതു കഴിഞ്ഞ് അടുത്ത വീട് ലക്ഷ്യമാക്കി യാത്ര തുടരും.വീട്ടുകാർ ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് ഇച്ചാമനയ്ക്കു നൽകും. ഒരു വീടിന് ഇത്ര എന്ന നിലയിൽ പ്രതിഫലവും നൽകും. ഇച്ചാമന ലിസ്റ്റുമായി ജില്ല മുഴുവൻ സഞ്ചരിച്ചു കല്യാണം വിളിക്കും. ഇച്ചാമന വിളിച്ചാൽ അതിന് ഔദ്യോഗിക സ്വഭാവമായി. വരന്റെയോ വധുവിന്റെയോ തൊട്ടടുത്ത ബന്ധു വിളിക്കുന്നതിനു സമമാണ്. ഇത്തരത്തിൽ കല്യാണം വിളിക്കാൻ ഒരു കാലത്തു ധാരാളം ആളുകൾ ഉണ്ടായിരുന്നു.കാലം മാറിയപ്പോൾ ഇച്ചാമനയും മറ്റ് ഏതാനും പേരും മാത്രമായി. പിന്നീട് ക്ഷണക്കത്തുമായി വീട്ടുകാർ തന്നെ കല്ല്യാണം വിളി തുടങ്ങി. കുറച്ചു കാലം മുൻപു വരെ അവർ തെക്കേപ്പുറത്തെ വീടുകളിൽ കല്യാണം വിളിക്കാൻ എത്തിയിരുന്നു. പിന്നെ പ്രായം സഞ്ചാരത്തിനു വിലക്കു കൽപിച്ചതോടെയാണു കല്യാണം വിളി നിർത്തിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!