കോട്ടയം: സ്വന്തമായി പണിയെടുത്ത് സ്വരുക്കൂട്ടിയ പണം കൊണ്ട് ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് ഇവിടെ ഒരു കൂട്ടം സ്ത്രീകൾ. കോട്ടയം പനച്ചിക്കാടുള്ള തൊഴിലാളി സ്ത്രീകൾ തങ്ങളുടെ തൊഴിലുറപ്പ് ജോലിയിൽ നിന്നും മിച്ചം പിടിച്ച കാശ് കൊണ്ട് ബെംഗളൂരുവിലേക്ക് വിമാനയാത്ര നടത്തി തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു നെടുമ്പാശേരിയിൽ നിന്ന് ബെംഗളൂരുവിലേക്ക് ഇവർ വിമാനം കയറിയത്.കോട്ടയത്തെ പനച്ചിക്കാട് പഞ്ചായത്തിൽ 12ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവർ. ഇവരെല്ലാം കൂടിയാണ് വിമാനയാത്ര പോയി തിരിച്ചെത്തിയത്. തൊഴിലുറപ്പ് ജോലിയിലൂടെ അവർ കഷ്ടപ്പെട്ട് നേടിയെടുത്ത പണം സ്വരൂപിച്ചാണ് വിമാനത്തിൽ 24 പേർ ടിക്കറ്റെടുത്ത് ബെംഗളൂരുവിലേക്ക് വിമാനയാത്ര നടത്തിയത്.കൂട്ടത്തിലെ ഏറ്റവും മുതിർന്ന ആളായ ചെല്ലമ്മയമ്മ ഭയങ്കര ഭാഗ്യം എന്നാണ് പറയുന്നത്. ഇനിയും യാത്ര പോകും. കോട്ടയത്തെക്കാളും ബെംഗളൂരു നല്ല രസമുള്ള സ്ഥലമാണ് ഇനിയും വരുമെന്ന് ചെല്ലമ്മ പറഞ്ഞു.ട്രെയിനിൽ പോയിട്ടുണ്ട്. വിമാനത്തിൽ ആദ്യമായിട്ടാണ് എന്നും ചെല്ലമ്മയമ്മ പറയുന്നു.എല്ലാവരും വലിയ സന്തോഷത്തിലാണ്. മെമ്പറാണ് യാത്രക്കുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു തന്നത്. വിമാനത്തിൽ കയറാൻ പേടിയൊന്നുമില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. അടുത്ത യാത്ര ഡൽഹിയിലേക്ക്, പാർലമെന്റ് കാണാനാണെന്നും ഈ വീട്ടമ്മമാർ പറയുന്നു. അതിന് ഇപ്പോഴേ പൈസ സ്വരൂക്കൂട്ടുകയാണെന്നും അവർ കൂട്ടിച്ചെർത്തു.