തിരുവനന്തപുരം: ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവചം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമാണ് ‘കവചം’. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി 91 സൈറണുകളാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്. അത്യാഹിത സാഹചര്യങ്ങളിൽ ഒരു മുന്നറിയിപ്പ് കവചമായി ഇത് പ്രവർത്തിക്കും. കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) എന്നാണ് ഈ പേരി​ന്റെ പൂർണ്ണ രൂപം.കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സെൻട്രൽ വാട്ടർ കമ്മീഷൻ തുടങ്ങിയ എജൻസികൾ പുറപ്പെടുവിക്കുന്ന അതിതീവ്ര ദുരന്ത മുന്നറിയിപ്പുകൾ പൊതുജനത്തെ അറിയിക്കാനാണ് ഈ സൈറൺ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. വൈകുന്നേരം അഞ്ച് മണിക്ക് തലസ്ഥാനത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമയം സംസ്ഥാനത്തെ എല്ലാ സൈറണുകളും ഒരേ സമയം പ്രവർത്തിക്കുമെന്നും ജനം പരിഭ്രാന്തരാകരുത് എന്നും അധികൃതർ അറിയിച്ചു.ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. വിവിധ ജില്ലകളിലെ തെര‌ഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ ഇതിനോടകം തന്നെ സൈറണുകൾ സ്ഥാപിച്ചുകഴി‌ഞ്ഞു. ഒന്നിലേറെ തവണ പരീക്ഷണങ്ങളും നടത്തി ഇവയുടെ പ്രവർത്തനക്ഷമതയും ഉറപ്പാക്കിയിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!