കൊണ്ടോട്ടി: നവവധു ജീവനൊടുക്കിയ കേസിൽ ഭർത്താവിനെ പ്രതിചേർക്കും. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിന്റെ മരണത്തിലാണ് ഭർത്താവ് കിഴിശ്ശേരി സ്വദേശി അബ്ദുൾ വാഹിദിനെപ്രതി ചേർക്കുന്നത്. ഇയാൾ നിലവിൽ വിദേശത്താണുള്ളത്. നിറത്തിന്റെപേരിൽ മാനസികപീഡനം സഹിക്കവയ്യാതെയാണ് യുവതി ജീവനൊടുക്കിയത്.ഷഹാന മുംതാസിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി ഗവ. കോളേജ് വിദ്യാർത്ഥിയായിരുന്നു യുവതി. ബന്ധുക്കളുടെ പരാതിയിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. നിറത്തിന്റെ പേരിലടക്കം ഭർത്താവിൽ നിന്നുണ്ടായ പീഡനമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ യുവജനകമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.അബ്ദുൾ വാഹിദിനെതിരേ ഭാരതീയ ന്യായസംഹിത 85 പ്രകാരമുള്ള വകുപ്പുകൂടി ഉൾപ്പെടുത്തും. ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ ക്രൂരമായി പെരുമാറുന്നതാണ് ബി.എൻ.എസ് 85 വകുപ്പിൽ ഉൾപ്പെടുന്നത്. പോലീസ് അന്വേഷണത്തിലും ബന്ധുക്കളിൽനിന്ന് ലഭിച്ച മൊഴിയുടെയും അടിസ്ഥാനത്തിലാണ് പുതിയ വകുപ്പ് ചേർത്തിട്ടുള്ളത്.സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.