കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്നും പണം തട്ടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മലപ്പുറം സ്വദേശി സലീം, കുടക് സ്വദേശി മാജിദ് എന്നിവരാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്തെന്ന തിരുവനന്തപുരം ജില്ലക്കാരനായ ഡോക്ടറുടെ പരാതിയിലാണ് നടക്കാവ് പൊലീസിൻറെ നടപടി. അഞ്ചുലക്ഷത്തിലേറെ രൂപയും മൊബൈലും ലാപ്ടോപ്പും ഉൾപ്പെടെ തട്ടിയെടുത്തെന്നാണ് ഡോക്ടറുടെ പരാതി. കേസിലെ ഒന്നാം പ്രതി ഇഷാന നേരത്തേ പിടിയിലായിരുന്നു. ഇഷാനയുടെ കൂട്ടാളികളാണ് ഇപ്പോൾ പിടിയിലായ സലീമും മാജിദും.പുനർ വിവാഹത്തിനായി ഡോക്ടർ പത്രത്തിൽ പരസ്യം നൽകിയതോടെയാണ് തട്ടിപ്പ് സംഘം ഡോക്ടർക്കായി കെണിയൊരുക്കിയത്. ഈ പരസ്യം കണ്ടതിന്റെ അടിസ്ഥാനത്തിൽ കാസർകോട് നിലേശ്വരം സ്വദേശിയായ ഇഷാന ഡോക്ടറുമായി പരിചയത്തിലായി. പിന്നാലെ വിവാഹം തീരുമാനിച്ചു. ഇഷാനക്ക് താമസിക്കാനായി കോഴിക്കോട് വീടെടുക്കാൻ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു, ഡോക്ടർ അത് നൽകുകയും ചെയ്തു. ആ വീട് കാണാൻ പോകുന്നതിനിടെയാണ് ഡോക്ടറുടെ മൊബൈലും ലാപ്ടോപ്പും ഉൾപ്പെടെയുള്ളവ തട്ടിയെടുത്ത് സംഘം രക്ഷപ്പെട്ടത്.കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു പ്രതികൾ മുങ്ങിയത്. ഇഷാനയെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എങ്കിലും കൂട്ടുപ്രതികളായ കുടക് സ്വദേശി മാജിദ്, മലപ്പുറം സ്വദേശി സലീം എന്നിവർ ഒളിവിലായിരുന്നു. സൈബർ സെല്ലിൻറെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കാസർകോട് വച്ച് ഇരുവരും പിടിയിലായത്. ഡോക്ടർ പ്രതികളെ രണ്ടുപേരേയും തിരിച്ചറിഞ്ഞു.ഇഷാനയുടെ സഹോദരനെന്ന വ്യാജേനയാണ് സലീം ഡോക്ടറുമായി ബന്ധപ്പെട്ടത്. വിവാഹ ബ്രോക്കറാണ് മാജിദ്. ഇവർ നേരത്തെയും സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.