ചെന്നൈ: ബി.കോം വിദ്യാർത്ഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. ചെന്നൈ ആദമ്പാക്കം സ്വദേശി സതീഷിനാണ്(25) പ്രത്യേക വനിതാ കോടതി ജഡ്ജി ജെ. ശ്രീദേവി വധശിക്ഷ വിധിച്ചത്. 2022 ഒക്ടോബർ 13നാണ് സതീഷ് തന്റെ അയൽവാസിയായ ബി.കോം മൂന്നാംവർഷ വിദ്യാർഥിനി സത്യപ്രിയയെ കൊലപ്പെടുത്തിയത്. സെയ്ന്റ് തോമസ് റെയിൽവേ സ്റ്റേഷനിൽവെച്ച് പെൺകുട്ടിയെ ഇയാൾ ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിന്റെ പകയിലാണ് ഇയാൾ പെൺകുട്ടിയെ കൊലപ്പെടുത്തിയത്.പ്രതി മൂന്നുവർഷത്തെ കഠിന തടവ് അനുഭവിക്കണം. 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇരയുടെ ഇളയ സഹോദരിമാർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 302 പ്രകാരമുള്ള കൊലപാതകത്തിനും തമിഴ്നാട് പീഡന വിരുദ്ധ നിയമത്തിലെ സെക്ഷൻ 4 പ്രകാരമുള്ള പീഡനത്തിനുമാണ് പ്രതിക്ക് മഹിളാ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.ചെന്നൈ താംബരത്തുള്ള കോളേജ് വിദ്യാർത്ഥിനിയായിരുന്നു കൊല്ലപ്പെട്ട സത്യ. ചെന്നൈ ആദമ്പാക്കത്ത് സത്യപ്രിയയുടെ വീടിന് എതിർവശത്തായിരുന്നു പ്രതി സതീഷ് താമസിച്ചിരുന്നത്. ഇയാൾ തുടർച്ചയായി സത്യയെ ശല്യം ചെയ്തിരുന്നു. ഇതിനിടെ 2022 സെപ്റ്റംബറിൽ സത്യയുടെ വിവാഹനിശ്ചയിച്ചു. ഇതിന് പിന്നാലെ സതീഷിന്റെ പെരുമാറ്റം അസഹനീയമായ തരത്തിലായി. തുടർന്നായിരുന്നു കൊലപാതകം. മകളുടെ മരണവാർത്ത അറിഞ്ഞതിനു പിന്നാലെ പിതാവ് മാണിക്കം ആത്മഹത്യ ചെയ്തിരുന്നു.കൊലപാതകം നടന്ന് രണ്ട് വർഷത്തിനു ശേഷമാണ് കേസിൽ വിധിയുണ്ടാകുന്നത്. സത്യയുടെ സുഹൃത്തുക്കൾ ഉൾപ്പെടെ 70-ലധികം സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സി.ബി.സി.ഐ.ഡി. സമർപ്പിച്ച കുറ്റപത്രത്തിൽ സതീഷ് കുറ്റവാളിയാണെന്ന് വ്യക്തമാക്കിയിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിനാലാണ് സത്യയെ സതീഷ് ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.