പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാജോർജും സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചയാൾ അനധികൃത മദ്യക്കച്ചവടത്തിന് പിടിയിലായതോടെ പത്തനംതിട്ടയിൽ സിപിഎമ്മിന് വീണ്ടും നാണക്കേട്. മലയാലപ്പുഴ സ്വദേശി സുധീഷാണ് അറസ്റ്റിലായത്. കോന്നി എക്‌സൈസ് സംഘം മൈലാടുംപാറയിൽനിന്നാണ് ഇയാളെ പിടികൂടിയത്. കാപ്പ കേസ് പ്രതികളെ ഉൾപ്പെടെ മന്ത്രി മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചത് അന്നേ വിവാദമായിരുന്നു. സംഘത്തിലെ പലരും ഇപ്പോഴും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നതാണ് സിപിഎമ്മിന് തലവേദനയാകുന്നത്.ഇയാളുടെ പക്കൽനിന്ന് ഏഴ് ലിറ്റർ വിദേശമദ്യവും കണ്ടെടുത്തു. മൈലാടുപാറയിൽ ഇയാൾ താമസിച്ചുവന്ന വാടക കെട്ടിടത്തിൽ 500 മില്ലി വീതം ഉൾക്കൊളളുന്ന 14 കുപ്പികളാണ് ഉണ്ടായിരുന്നത്. കോന്നി എക്സാൈസ് സംഘം പിടികൂടിയ സുധീഷിനെ കോടതി റിമാൻഡു ചെയ്തു. അസിസ്റ്റന്റ് എക്‌സ്സൈസ് ഇൻസ്പെക്ടർ ബിനു ഫിലിപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.കാപ്പാക്കേസ് പ്രതി ഉൾപ്പെടെ സിപിഎമ്മിൽ ചേർന്നതോടെ നവീകരണത്തിന്റെ പാതയിലേക്ക് എത്തി എന്നായിരുന്നു ആരോഗ്യമന്ത്രി അടക്കം പറഞ്ഞത്. അതിൽ ഒരാളായ സുധീഷാണ് ഡ്രൈ ഡെയിലെ അനധികൃത മദ്യ വില്പനയ്ക്ക് പിടിയിലായത്. ബിവറേജസ് ചില്ലറ വിൽപ്പനശാലകളിൽ നിന്നും വാങ്ങുന്ന മദ്യം, നാട്ടിൽ ഉയർന്ന വിലയ്ക്ക് കച്ചവടം നടത്തിവന്ന ആളാണ് സുധീഷെന്ന് എക്സൈസ് പറയുന്നു. ഡ്രൈ ഡേയിൽ വൻതോതിലുളള മദ്യ വിൽപ്പന ഇയാൾ നടത്തിവരുന്നതായ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്ന ഇന്നലെ വൈകുന്നേരത്തെ പരിശോധന.കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മിനൊപ്പം ചേർന്നവരിൽ യദു കൃഷ്ണൻ എന്ന ആൾ നേരത്തെ കഞ്ചാവുമായി പിടിയിലായിരുന്നു. കാപ്പാ കേസ് പ്രതി ഇഡ്ഡലി എന്ന ശരൺ ചന്ദ്രൻ അടക്കം 62 പേരാണ് മലയാലപ്പുഴ മേഖലയിൽ നിന്നും ജൂൺ മാസത്തിൽ സി പി എമ്മിൽ ചേർന്നത്. ഇഡ്ഡലിയെ അടുത്തിടെ ഡിവൈഎഫ്ഐ മേഖല വൈ. പ്രസിഡൻറായി തിരഞ്ഞെടുക്കുകയും ചെയ്തു. ഒരു പശ്ചാത്തലവും അന്വേഷിക്കാതെ ജില്ലാ സെക്രട്ടറിയും മന്ത്രിയും ചേർന്ന് മാലിയിട്ടു സ്വീകരിച്ചവരെല്ലാം സമ്മേളനകാലത്ത് ഉൾപ്പെടെ പാർട്ടിക്ക് നല്ല പണിയാണ് കൊടുക്കുന്നത്.