ലങ്കാഷെയർ: ബ്രിട്ടനിൽ പൂർണ ഗർഭിണിയായ മലയാളി യുവതിയെ കാർ ഇടിച്ചുതെറിപ്പിച്ചു. ഗർഭസ്ഥ ശിശു മരിച്ചു. ലങ്കാഷെയറിന് സമീപം ബാംബർ ബ്രിഡ്ജിൽ വച്ച് ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് വയനാട് സ്വദേശിനിയായ രഞ്ജു ജോസഫ് (30) അപകടത്തിൽപെട്ടത്. എട്ടു മാസം ഗർഭിണി ആയിരുന്ന രഞ്ജു റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അതിവേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രഞ്ജു വെന്റിലേറ്ററിലാണ്.രണ്ടു വർഷം മുമ്പാണ് രഞ്ജുവും ഭർത്താവും സ്റ്റുഡന്റ് വീസയിൽ യുകെയിൽ എത്തുന്നത്. തുടർന്ന് നഴ്‌സിങ് ഹോമിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച രാത്രി പതിവു പോലെ ജോലി കഴിഞ്ഞ് മടങ്ങവേയാണ് ദാരുണമായ അപകടം സംഭവിച്ചത്. അപകട സമയത്ത് ഭർത്താവ് ഒപ്പം ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സീബ്രാ ലൈനിൽ വച്ചാണ് യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചതെന്ന് ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകി.റോഡ് മുറിച്ചു കടന്നതിന് ശേഷം ഭർത്താവ് തിരിഞ്ഞു നോക്കുമ്പോഴേക്കും രഞ്ജുവിന് അപകടം സംഭവിച്ചിരുന്നു. തലയിലും വയറിലും ഗുരുതരമായ പരുക്കുകളേറ്റ രഞ്ജുവിനെ അടിയന്തര ശസ്ത്രക്രിയകൾ നടത്തി ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. FY62 MXC റജിസ്‌ട്രേഷനുള്ള ഇരുണ്ട ചാരനിറത്തിലുള്ള ടൊയോട്ട പ്രിയസ് കാറാണ് അപകടത്തിന് കാരണമായതെന്ന് ലങ്കാഷെയർ പൊലീസ് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് ബാംബർ ബ്രിഡ്ജിൽ നിന്ന് പതിനാറും പതിനേഴും വയസ്സ് പ്രായമുള്ള രണ്ട് ആൺകുട്ടികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, വാഹനം ഇതുവരെയും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.അപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ ഉടൻതന്നെ ബന്ധപ്പെടണമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും സിസിടിവി, ഡാഷ്‌ക്യാം അല്ലെങ്കിൽ മൊബൈൽ ദൃശ്യങ്ങൾ ഉള്ളവർ വിവരങ്ങൾ കൈമാറണം എന്നാണ് പൊലീസ് അഭ്യർഥന. വിവരങ്ങൾ 101 എന്ന നമ്പറിൽ വിളിച്ച് സെപ്റ്റംബർ 29 ലെ ലോഗ് 1163 എന്ന റഫറൻസിൽ വിളിച്ചു പറയുകയോ SCIU@lancashire.police.uk ലേക്ക് ഇമെയിൽ അയക്കുകയോ ചെയ്യാം. വിളിക്കുന്ന ആളിന്റെ വിവരങ്ങൾ വെളിപ്പെടുത്താതെ സ്വതന്ത്ര ചാരിറ്റിയായ ക്രൈംസ്റ്റോപ്പേഴ്സുമായി 0800 555 111 എന്ന നമ്പരിലോ crimestoppers.org ൽ ഓൺലൈൻ വഴിയോ ബന്ധപ്പെടാമെന്നും ലങ്കാഷെയർ പൊലീസ് അറിയിച്ചു.