പാലക്കാട്: 14.44 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ആൽബിൻ സൈമൺ(24), കോഴിക്കോട് സ്വദേശിനി ഷിഫ ഫൈസൽ(23) എന്നിവരാണ് പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ ആണ് പാലക്കാട് പാമ്പാമ്പള്ളം ടോൾ പ്ലാസക്ക് സമീപം വച്ച് ഇവരെ പിടികൂടിയത്.പാലക്കാട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ എ.സാദിഖും പാർട്ടിയും ഒറ്റപ്പാലം എക്സൈസ് റേഞ്ച് പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്. സംശയം തോന്നി നടത്തിയ പരിശോധനയിൽ ഇവരുടെ ബാഗിൽ നിന്നും കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പ്രതികൾക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നും ആരുടെ നിർദ്ദേശപ്രകാരമാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തിയതെന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് സംഘം അറിയിച്ചു.പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ അജിത്ത്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) യാസർ അറഫത്ത്, സുജീഷ്, പ്രമോദ്.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ റജീന, അജിത, എക്സൈസ് ടാസ്ക് ഫോർഴ്സ് ടീം അംഗങ്ങളായ എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) പ്രേമാനന്ദകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) സുദർശനൻ നായർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രഞ്ജിനി പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവകുമാർ, സുരേഷ്.സി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലുക്കോസ് എന്നിവർ പങ്കെടുത്തു.