ന്യൂഡൽഹി: ലോട്ടറികൾ ജനത്തിന് സഹായകരമാണെങ്കിലും സർക്കാരിന്റെ സേവനമല്ലെന്ന് സുപ്രീംകോടതി. ലോട്ടറി ടിക്കറ്റിന് സേവന നികുതി ഈടാക്കാനാകില്ലെന്ന് വ്യക്തമാക്കി പുറപ്പെടുവിച്ച വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച കേരള, സിക്കിം ഹൈക്കോടതികൾ പുറപ്പെടുവിച്ച വിധികൾ സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.ലോട്ടറി വ്യവസായികൾ സമർപ്പിച്ച ഹർജികളിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ലോട്ടറികൾ സർക്കാരിന് അധികവരുമാനവും ബിസിനസ്സിന് സഹായകവുമാണ്. പക്ഷേ ഇത് സർക്കാരിന്റെ സേവനമല്ല. അതുപോലെ ഏതെങ്കിലും സേവനത്തെ പ്രോത്സാഹിപ്പിക്കുന്നതുമല്ല. അതിനാൽ ലോട്ടറി ടിക്കറ്റിന് സേവന നികുതി ഈടാക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.