ന്യൂഡൽഹി: രണ്ടായിരം രൂപ നോട്ട് മാറുന്നതിനായി റിസർവ് ബാങ്ക് അനുവദിച്ച സമയപരിധി നീട്ടി. ഒക്ടോബര്‍ ഏഴുവരെ നോട്ട് മാറ്റിവാങ്ങാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നേരത്തേ ശനിയാഴ്ച വരെയായിരുന്നു നോട്ടുകൾ മാറുന്നതിന് സമയം നൽകിയിരുന്നത്. 93 ശതമാനം നോട്ടും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർബിഐ കഴിഞ്ഞമാസം അറിയിച്ചിരുന്നു. ഇനി ആർബിഐയുടെ 19 ഓഫിസുകൾ വഴി മാത്രമേ നോട്ട് മാറ്റാനാകൂ.3.42 ലക്ഷം കോടി രൂപ മൂല്യംവരുന്ന നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. ഇതില്‍ 93 ശതമാനം നോട്ടുകളും സെപ്റ്റംബര്‍ മാസം ഒന്നാം തീയതി തന്നെ തിരികെയെത്തിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. മുഴുവന്‍ തുകയും മടങ്ങിയെത്തിയേക്കാമെന്ന സാധ്യതകൂടി മുന്നില്‍കണ്ടാണ് സമയം നീട്ടിയതെന്നാണ് സൂചന. ഒക്ടോബർ 8-നു ശേഷം ലഭിക്കുന്ന നോട്ടുകൾ ബാങ്കുകൾ സ്വീകരിച്ചേക്കില്ല.കഴിഞ്ഞ മെയ് 19-നാണ് 2,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കറന്‍സി നിക്ഷേപിക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ ബാങ്കുകളില്‍ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല.നോട്ട് നിരോധനത്തെ തുടര്‍ന്ന് വിപണിയില്‍ അതിവേഗം പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 2,000 രൂപയുടെ കറന്‍സി പുറത്തിറക്കിയത്. ലക്ഷ്യം പൂര്‍ത്തിയാക്കുകയും ആവശ്യത്തിന് ചെറിയ മൂല്യമുള്ള നോട്ടുകള്‍ ലഭ്യമാകുകയും ചെയ്തതോടെ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 2,000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെച്ചിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!