തിരുവനന്തപുരം: ദൗത്യ സംഘമെന്ന് കേൾക്കുമ്പോൾ ജെസിബിയും കരിമ്പൂച്ചയും ദുസ്വപ്നം കാണേണ്ട കാര്യമില്ലെന്നും അതിന് അങ്ങനെയല്ല പേര് എന്നും റവന്യൂമന്ത്രി കെ രാജൻ. ജില്ലയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നെന്നും ആ നിര്‍ദേശം കേള്‍ക്കുന്നുവെന്നുമാണ് മന്ത്രി പറഞ്ഞത്. അതിന്റെ അര്‍ത്ഥം നാളെ മുതല്‍ ആ സ്ഥലങ്ങള്‍ തല്ലിപ്പൊളിച്ച് മാറ്റുന്നു എന്നല്ല. സര്‍ക്കാര്‍ അത്തരത്തില്‍ ഉദ്ദേശിക്കുന്നില്ലെന്നും കെ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം പ്രകാരം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ദൗത്യസംഘത്തിന് രൂപം നല്‍കിയത്. ഇതിന് പിന്നാലെ ഇടുക്കി ജില്ലാ കലക്ടര്‍ മുഖ്യ ചുമതലക്കാരനായുള്ള ദൗത്യസംഘത്തെ ഭയപ്പെടുന്നില്ലെന്നും കാലങ്ങളായി കുടിയേറി കുടില്‍കെട്ടി താമസിക്കുന്നവരുടേയും വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരുടേയും മെക്കിട്ട് കയറാന്‍ അനുവദിക്കില്ലെന്നും സിപിഎം നേതാവും എംഎല്‍എയുമായ എം എം മണി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.മുട്ടില്‍ മരമുറി കേസില്‍ ഭുവുടമകള്‍ക്ക് കനത്ത പിഴ നോട്ടീസ് അയച്ച നടപടി പുനഃ പരിശോധിക്കുമെന്നും കെ രാജന്‍ പറഞ്ഞു. കര്‍ഷകരുടെ പരാതികള്‍ പരിശോധിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാനാണ് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കര്‍ഷകരെ ഏതെങ്കിലും വിധത്തില്‍ ദ്രോഹിക്കാനോ, കബളിപ്പിക്കപ്പെട്ടവരെ ക്രൂശിക്കാനോ പ്രത്യേകിച്ച് ആദിവാസി വിഭാഗങ്ങളെ ഒറ്റപ്പെടുത്താനോ ഉള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും കെ രാജന്‍ പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!