സംസ്ഥാനത്ത് ചൂട് കനത്തതോടെ ജനങ്ങൾക്ക് മാത്രമല്ല ജീവികൾക്കും ഉഷ്ണം താങ്ങാനാവുന്നില്ല. പ്രതികൂല കാലാവസ്ഥയിൽ പ്രതിസന്ധിയിലായത് കോഴികർഷകരാണ്. ചൂട് സഹിക്കാനാവാതെ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയാണ്. വിപണിയില്‍ കോഴിയുടെ ലഭ്യത കുറഞ്ഞതോടെ കോഴി ഇറച്ചിയുടെ വിലയും ഒരു മാസത്തിനിടെ അമ്പത് രൂപയോളം കൂടി. ഇത് ഇനിയും ഉയരാനുള്ള സാധ്യതയാണുള്ളത്.ഒരു കോഴിക്കുഞ്ഞിന് 54 രൂപ കൊടുത്ത് വാങ്ങിയാണ് മണിമലയിലെ ജിനോ വളര്‍ത്താനിട്ടിരിക്കുന്നത്. 45 ദിവസം തീറ്റയും വെള്ളവും കൊടുത്ത് വളര്‍ത്തിയാലാണ് ഇറച്ചിക്കടയില്‍ വില്‍ക്കാന്‍ പാകമാവുക. പക്ഷേ കഷ്ടപ്പെട്ട് വളര്‍ത്തി മുപ്പത് മുപ്പത്തഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ചൂട് താങ്ങാനാവാതെ ചത്തു വീഴുകയാണ് കോഴികള്‍. ആയിരം കുഞ്ഞുങ്ങളെ വളര്‍ത്താനിട്ടാല്‍ ഇരുറെണ്ണം വരെ ചത്തു പോകുന്ന സ്ഥിതിയായെന്ന് ജിനോ പറയുന്നു.ഇടത്തരം കോഴി കര്‍ഷകരുടെ ഈ പ്രതിസന്ധി സംസ്ഥാനത്തെ വിപണിയില്‍ കോഴിയുടെ ലഭ്യത കുറയാന്‍ ഇടയാക്കിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെയാണ് ഒരു മാസത്തിനിടയില്‍ കോഴി വില അമ്പത് രൂപയോളം കൂടിയത്. സംസ്ഥാനത്ത് പലയിടത്തും ഇറച്ചിക്കോഴി കിലോയൊന്നിന് 170 രൂപ കടന്നിട്ടുണ്ട്. പക്ഷേ അതിന്റെ പ്രയോജനം കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചൂട് ഇതുപോലെ കൂടിയാല്‍ വരും ദിവസങ്ങളിലും കോഴി കര്‍ഷകരുടെ ദുരവസ്ഥ രൂക്ഷമായേക്കും. അങ്ങിനെ വന്നാല്‍ ഇറച്ചി വില ഇനിയും കൂടുമെന്നും ചുരുക്കം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!