കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിത്സ തേടി. തിക്കോടി സ്വദേശി പതിനാലുകാരനാണ് ചികിത്സ തേടിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് കുട്ടി ഇപ്പോഴുള്ളത്. പയ്യോളി നഗരസഭയിലുള്ള കാട്ടുംകുളത്തില്‍ കുളിച്ചശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തിക്കോടി പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കുളം ശുദ്ധീകരിച്ചു. കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ 12 വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരവുമായി (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അവബോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. മൂക്കിനെയും മസ്തിഷ്‌കത്ത‌െയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മസ്തിഷ്ക ജ്വരം ഉണ്ടാക്കുകയും ചെയ്യുന്നത്.ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കാന്‍ പാടില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ നീന്തുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക. ശരിയായ രീതിയില്‍ ക്ലോറിനേറ്റ് ചെയ്ത നീന്തല്‍ കുളങ്ങളില്‍ കുട്ടികള്‍ കുളിക്കുന്നതിൽ പ്രശ്നമില്ലമെന്നും മന്ത്രി വ്യക്തമാക്കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!